Sunday, June 21, 2020

സമാഗമം

അതെ ഇന്നാണ് ആ ദിവസം. വര്ഷങ്ങളായി ഞാൻ കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയാണ്.ഇന്ന് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. എല്ലാ ആളുകൾക്കും പറയാൻ ചുരുങ്ങിയത് ഒരു പ്രണയമെങ്കിലും ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഭാഗ്യമോ നിർഭാഗ്യമോ രണ്ടു പ്രണയകഥകൾ വേണമെങ്കിൽ എനിക്ക് പറയാൻ കഴിയും, ഒരാൾ പോലും ഇന്ന് എന്റെ ആരുമില്ലെങ്കിൽ പോലും...

വർഷങ്ങൾക്കു ശേഷം ഞങൾ മൂന്ന് പേരും ഇന്ന് തമ്മിൽ കാണും.
നഷ്ട ബോധമില്ല ഒന്നിലും, എല്ലാവരും സന്തോഷത്തോടെ കഴിയുന്നു,പുറമെയെങ്കിലും.

നമ്മുടെയെല്ലാം ഒരു പ്രധാന പരിവർത്തന കലാമെന്ന് പറയുന്നത് പത്താം ക്ലാസും അടുത്ത രണ്ടു വർഷങ്ങളും ആണെന്ന് ഞാൻ വിശ്വസിക്കുന്നു,മിനിമം ഞങ്ങളുടെയെങ്കിലും . വല്ലാത്ത ഒരു ബയോളജിക്കൽ മാറ്റമാണ് , ഒരു വല്ലാത്ത ഊർജ്ജം നമ്മളറിയാതെ തന്നെ .

അതെ ഞാൻ മാറി തുടങ്ങുന്നത് പത്തിൽ തന്നെയാണ്,പ്രണയം എന്ന് പറയാൻ പറ്റില്ല എന്നാൽ സൗഹൃദവുമല്ലാത്ത മറ്റെന്തോ..ഒരാളിൽ നിന്ന് ഒരാളിലേക്കു വളരെ പെട്ടെന്ന് മാറിക്കൊണ്ടിരുന്ന ആകർഷണം ഒരാളിലേക്കു ഒതുങ്ങിയത് ഞാൻ അറിഞ്ഞു തുടങ്ങി. ഈ ആകർഷണം പറയാതെ ഒരു വര്ഷം ഉള്ളിൽ കൊണ്ട് നടന്നു , പേടിയായിരുന്നു . കരുതിയ പോലെ തന്നെ പറഞ്ഞ അന്ന് തീർന്നു എല്ലാം.

be practical , എന്ന് ആദ്യമായി ഞാൻ കേൾക്കുന്നത് അന്നാണ് . അവൾക്കെന്നെ ഇഷ്ടമല്ല എന്നല്ല, ഒരേ പ്രായം ,ജസ്റ്റ് ഫിഫ്റ്റീൻ . പഠിച്ചു ജോലി കിട്ടി വരുമ്പോളേക്കും നമുക്കിടയിൽ പ്രണയം ഉണ്ടെങ്കിൽ എന്നൊക്കെ പറഞ്ഞപ്പോൾ അന്ന് തോന്നിയത് എന്തൊരു ജാഡയാണ് ഇവൾക്ക് എന്നാണ്. പിന്നീട് 4 വർഷം കഴിഞ്ഞു അവൾ കല്യാണം വിളിച്ചപ്പോൾ മനസ്സിലായി അവളാണ് ശരിയെന്നു. ആ കല്യാണത്തിന് കണ്ടതാണ് അവളെ അവസാനമായി.

പിന്നെ പഠിത്തം ഇന്റർവ്യൂസ് അങ്ങനെ എല്ലാം ഒരു വിധം തീർത്തു ജോലിയിൽ കയറിയപ്പോൾ അടുത്ത പ്രണയം.ഇത് പക്ഷെ പ്രണയം പറയുക ആയിരുന്നില്ല ,പകരം ഞാൻ  നിന്നെ വിവാഹം കഴിക്കട്ടെ എന്ന ചോദ്യം  ആയിരുന്നു . നോക്കട്ടെ ആലോചിക്കാതെ പറയാൻ പറ്റില്ലാന്ന് ഉത്തരം.

ഒരുതരം കിട്ടതാണ് എടുത്ത സമയം വളരെ കൂടുതൽ ആയിരുന്നു. പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു. അവൾക്ക് മറ്റൊരു ജോലി കിട്ടി അവിടെ നിന്നും പോയി. വീണ്ടും സൗഹൃദങ്ങളുമായി ജീവിതം മുന്നോട്ടു.

കഴിഞ്ഞ മാസം എന്റെ കല്യാണം ആയിരിന്നു, കഥകൾ അറിഞ്ഞപ്പോൾ ഭാര്യക്ക് രണ്ടു പേരെയും കാണാനുള്ള ആഗ്രഹം. അങ്ങനെ ഞാൻ എന്റെ ഉള്ളിലുള്ള ആഗ്രഹവും കൂട്ടി ചേർത്തപ്പോൾ, എല്ലാം വേഗത്തിലായി.

അങ്ങനെ ഞങ്ങൾ മൂന്ന് പേരും ഇന്ന് തമ്മിൽ കാണും , കൂടെ ഞങ്ങളുടെ കുടുംബവും.

അതിജീവനം

ഇന്നലെകൾ ഇല്ലാത്ത മനുഷ്യരില്ല , പക്ഷെ ഇന്നലെകളിൽ ജീവിക്കുന്നവർ അതിജീവിക്കാറുമില്ല . ഞാൻ ഇതിലേതിൽപ്പെടുമെന്നു മനസ്സിലാക്കാൻ പറ്റുന്നില്ല.

അതിജീവനം ആണ് ഓരോ ജീവന്റെയും മുന്നേറ്റം, അങ്ങിനെ നോക്കുമ്പോൾ ഞാൻ ഇന്നാണ് ജീവിക്കുന്നത്, ഇന്നിന്റെ ലോകത്തു മാത്രം. ഓരോ ആളുകളെയും ചവിട്ടി മെതിച്ചു ഞാൻ മുന്നേറുകയാണ്. എവിടേക്കാണ് ഈ പാവങ്ങളെ ചവിട്ടി കടന്നു പോകുന്നതെന്ന് അച്ഛൻ ചോദിച്ചപ്പോൾ ......

കൂടെ നിന്ന എല്ലാവരെയും മുന്നോട്ടു പോകാനുള്ള ആയുധങ്ങളും ഇടത്താവളങ്ങളും മാത്രമായാണ് കണ്ടിരുന്നത്. ഇടയിലെവിടെയോ ഒരു നേർത്ത തേങ്ങൽ കേട്ടപ്പോൾ ഒരു ഞൊടി പിൻവലിഞ്ഞു എന്ന് മാത്രം. ഇപ്പോൾ ഒരു തേങ്ങലും , അല്ല ഈ ലോകത്തിൽ ഒന്നും എന്നെ പിൻവലിയാൻ അനുവദിക്കാറില്ല.

പക്ഷെ ഇന്ന് വല്ലാത്ത ഒരു വിങ്ങൽ, ഇത് വരെ ഞാനറിഞ്ഞിട്ടില്ലാത്ത അല്ല ശ്രദ്ധിച്ചിട്ടല്ലാത്ത ഒരു നോവ്. ആരായിരുന്നു എനിക്കയാൾ, തിരിഞ്ഞു നോക്കിയാൽ ഞാനും ആയാലും തമ്മിൽ ഇത് വരെ കണ്ടിട്ട് പോലുമില്ല. പക്ഷെ ആ മരണം എന്നെ വല്ലാതെ ഉലച്ചിരിക്കുന്നു. എവിടെയോ എനിക്ക് എന്നെ നഷ്ടമായിരിക്കുന്നു.
ഒരു പക്ഷെ , എന്റെ തന്നെ പ്രതിരൂപമായിരിക്കാം അയാൾ .

നാളെ ഞാനും ഇത് പോലെ ആരുടെയെങ്കിലും നോവായി മാറിയേക്കാം ......

Friday, May 13, 2016

നാം നമ്മളെ തന്നെ കുറ്റം പറയും.....




വേഴാമ്പലിന്റെ ദാഹം തീർക്കാൻ മഴ എത്തി , ഭൂമി നനഞ്ഞു കുതിർന്നു ,പുതു മണ്ണിന്റെ ഗന്ധം ഉയർന്നു
പാറ്റകൾ ഉയർന്നു പറന്നു,പ്രകൃതി പൂത്തുലഞ്ഞു ,നദികൾ കര കവിയും.ഇന്നിത് വരെ
 മഴയ്ക്ക് കൊതിച്ച മനുഷ്യൻ ആഘോഷിക്കും,പുതു മഴ നനയും, തണുപ്പുള്ള കാറ്റിൽ മനം തണുക്കും ,

പുതു മഴ മാറി, ,മരങ്ങൾ നിലം പൊത്തി,ഇരുൾ പരത്തി കറന്റ് പോകും
 പിന്നെ തുടങ്ങും നശിച്ച മഴയെ ചീത്ത പറയാൻ
പൊള്ളുന്ന വേനലിൽ സൂര്യനെ പറഞ്ഞു ,കുളിരുന്ന മഴയിൽ വരുണനെ പറയും

പിന്നെ വീണ്ടും കാലചക്രം കറങ്ങുമ്പോൾ നാം നമ്മളെ തന്നെ കുറ്റം പറയും.....

Tuesday, January 29, 2013

എന്‍റെ കഥ,അവരുടേയും....


ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഒഫീഷ്യല്‍ ടൂര്‍ കഴിഞ്ഞ് തിരിച്ച് വരുമ്പോളാണ് ഞാന്‌ നന്ദനെ കാണുന്നത്.വളരെ അലസഭാവത്തില്‍ ഇരുന്ന അവനെ ഞാന്‍ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച അവനെ ഞാന്‍ സമ്മതിച്ചില്ല എന്നതാണ് സത്യം. അപ്പോഴത്തെ എന്റെ  ടെന്‌ഷന്‍ മാറ്റാന്‍ ഞാന്‍ അവനെ ഉപയോഗിക്കായിരുന്നു എന്നതാണ് സത്യം.

നന്ദന് ഏകദേശം ഒരു ആറു വയസ്സ് പ്രായം കാണും.അടുത്ത് ചെല്ലും തോറും അകന്നു പോകാന്‍ നോക്കിയ അവനെ സംസാരിപ്പിക്കാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി എന്നതാണ് സത്യം. അവന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ല എന്നു തോന്നി പോയി.നന്ദന് അവനെ കുറിച്ച് അറിയാവുന്നതെല്ലാം എനിക്ക് പറഞ്ഞു തന്നു, അവന്‍ ഈ നാട്ടില്‍ എങ്ങനെയെത്തി എന്നു വരെയുളള കാര്യങ്ങള്‍ അവനു കഴിയുന്ന രീതിയില്‍ വിശദമാക്കി തന്നു.ജനനത്തിലെ അമ്മ മരിച്ച അവനെ അച്ഛനാണ് വളരത്തിയത്.അമ്മയുടെ കര്‍മ്മങ്ങള്‍ ചെയ്യാനാണ് അവര്‍ പോകുന്നതെന്നും ഞാന്‍ മനസ്സിലാക്കി.കുറച്ചു കഴിഞ്ഞപ്പോഴേക്കും ജിത്തനേയും,നന്ദന്‍റെ അച്ഛന്‍ ഞാന്‍ പ‍രിചയപ്പെട്ടു.കൂടുതല്‍ അടുത്തപ്പോള്‍ അമ്മയില്ലാത്തതിന്‍റെ ദുഃഖം നന്ദനെ എത്ര മാത്രം അലട്ടുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.പിന്നീട് നന്ദന്‍ ഉറങ്ങിയ ശേഷം ജിത്തനില്‍ നിന്നും ഞാന്‍ മനസ്സിലാക്കി അവന്‍റെ അമ്മ ഇന്നും ജീവനോടെയുണ്ടെന്നും അവരുടെ അടുത്തേക്കാണ് ഈ യാത്രയെന്നും.

ജിത്തന്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം കഷ്ടപ്പാടുകളില്‍ നിന്നും എന്നും അകന്ന് നടക്കാന്‍ മാത്രം ഇഷ്ടപ്പെടുന്നവന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ആ ജിത്തന്‍ ഒരു കുരുന്നിനെ വളര്‍ത്തി ഇത്രയാക്കി എന്ന് വിശ്വസിക്കാന്‍ എന്തോ ഒരു ബുദ്ധിമുട്ട് പോലെ,അങ്ങനെ ജിത്തനെ കൂടുതല്‍ പഠിക്കാന്‍ തന്നെ തീരുമാനിച്ചു.അങ്ങനെ ജിത്തനറിയാതെ അവരുടെ ഫോട്ടോ എടുത്ത് ഞാന്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു.എനിക്കറിയാം ഞാന്‍ ചെയ്യുന്നത് ശരിയല്ലെന്ന്,പക്ഷെ ചിലപ്പോള്‍ അത് നന്ദന്‍റെ ജീവിതം തന്നെ മാറ്റിയേക്കും എന്‍റേയും,  മറ്റൊന്നുമല്ല വര്‍ഷങ്ങള്‍‍ക്കു മുമ്പ് ആരെന്കിലും ഇങ്ങനെ ചെയ്തിരുന്നെന്കില്‍ എന്‍റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നില്ല.ഇന്നും ഓരോ യാത്രകളിലും അവനെ തിരയുന്ന ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു.അമ്മയില്ലാത്ത കുട്ടിയാണ്,നീ എവിടെയെന്കിലും പോകുമ്പോള്‍ അവന്‍ ഒറ്റക്കാകും എന്ന പറഞ്ഞപ്പോളും മറ്റൊരു വിവാഹം വേണ്ട എന്ന് പറയുമ്പോളും അവന്‍‍ ഞാന്‍ മാത്രം മതി എന്ന ഭാവം ആയിരുന്നു.എന്നെന്കിലും തെറ്റ് മനസ്സിലാക്കി അവള്‍ വരും എന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നു.അല്ലെന്കില്‍ അത്ര മാത്രം ഞാന്‍ അവരെ സേ്നഹിച്ചിരുന്നു.

 മൊബൈലില്‍ ബീപ്പ് സൌണ്ട് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.സ്ഥിരം ഫേസ്ബുക്ക് അപ്ഡേഷന്‍ എന്ന മട്ടില്‍ ഒഴിവാക്കിയ മെസ്സേജ്, പെട്ടെന്ന് നന്ദന്‍റെ  ഓര്‍മ  വന്ന ഞാന്‍ അത് തുറന്നു നോക്കി. ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത ഒരാള്‍,പക്ഷേ അയാള്‍ക്ക്  എന്നെ കുറിച്ഛല്ല അറിയേണ്ടത്,ജിത്തനെ കുറിച്ചു മാത്രം.എനിക്ക് പ്രിയപ്പെട്ടവള്‍, അവളായിരുന്നു നന്ദന്‍റെ അമ്മ.കാലങ്ങള്‍ക്കു  ശേഷം അവളോടു സംസാരിക്കാന്‍ പോകുന്നു അതും അവളുടെ കാമുകനേയും കുഞ്ഞിനേയും കുറിച്ച്.ആദ്യം വേണ്ട എന്നുറപ്പിച്ചതായിരുന്നു ഞാന്‍, പിന്നെ തോന്നി ഒരു സുഖമുണ്ട് ആ സംസാരത്തിനെന്ന്.ഒരു ചെറിയ പ്രതികാരം പോലെ വല്ലാത്ത ഒരു സുഖം.

 അടുത്ത് സ്റ്റേഷന്‍ എത്തുന്നതിന് മുമ്പേ അവളുടെ നമ്പര്‍ എനിക്ക് മെസ്സേജ് കിട്ടി.വിളിച്ചു കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല,അവള്‍ക്ക്  കൂടുതല്‍ അറിയേണ്ടത് അവനെ കുറിച്ചായിരുന്നില്ല,കൂടെയുളള കുട്ടിയെ കുറിച്ചായിരുന്നു.അത് ‍അവളുടെ കുട്ടി തന്നെയാണോ എന്ന് മാത്രം ആണെന്കില്‍ ഈ യാത്ര തീരുന്നതിനു മുമ്പ് അവള്‍ ഈ വണ്ടിയില്‍ ‍ജോയിന്‍ ചെയ്യും.പക്ഷേ അതെങ്ങിനെ ഞാന്‍ പറയും.ഇനി ചെയ്യാന്‍ പറ്റുക ഒന്നു മാത്രം,എല്ലാ ചോദ്യങ്ങള്ക്കും  ഉത്തരം തരേണ്ടത് ജിത്തന്‍ മാത്രം,പക്ഷെ എങ്ങിനെ അറിയില്ല.ജിത്തന്‍ ഉണരുന്നതു വരെ കാത്തിരുന്നേ പറ്റു................

അല്പം മടിയോടെയാണെന്കിലും ജിത്തനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ തീരുമാനിച്ചു.അവന്‍റെ അമ്മയെ കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ എന്തോ അവന്‍ വല്ലാതെ പ്രതികരിച്ചു.പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ അവന്‍ പറഞ്ഞു തുടങ്ങി. നന്ദന്‍ അവരുടെ കുട്ടിയല്ല,അനാഥനായ നന്ദനെ കാണാതെ പോയ മകന്‍റെ സ്ഥാനത്തേക്ക് കൊണ്ടു പോവുകയാണ് അവന്‍.മാനസികനില തെറ്റിയ ഭാര്യ  ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയില്‍‍....

അതിനു ശേഷം എന്തു സംഭവിച്ചു എന്ന് എനിക്കറിയില്ല, അറിയാന്‍ കാത്തു നിന്നില്ല എന്നതാണ് സത്യം.ആ രീതിയില്‍ അവളെ കാണാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല എന്നതാണ് സത്യം. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് ഞാന്‍ അടുത്ത സ്റ്റേഷനില്‍  ഇറങ്ങി......

Sunday, May 29, 2011

രാമ രാമ പാഹിമാം ........

ഇന്ന് ഞായറാഴ്ച,കഴിഞ്ഞ ഒരാഴ്ച തന്ന ക്ഷീണം ഇന്ന് തീര്‍ക്കാം എന്ന് കരുതി കിടക്കുമ്പോളാണ് അവന്‍ വിളിച്ചത്,ചെറിയ ഒരു പ്രോഗ്രാം ഉണ്ട് ഒന്ന് കൂടെ ചെല്ലാമോ എന്ന്.എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോള്‍ അവനൊന്നും പറഞ്ഞില്ല, എന്തോ ഒരു രഹസ്യ സ്വഭാവം കാണിക്കുന്നു. എന്താ ചെയ്യാ കൂട്ടുകരനായില്ലേ പോയേക്കാം എന്ന് കരുതി ഇറങ്ങിയതാ.ഇപ്പോള്‍ യാത്ര തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞു ഇനിയും എവിടെയും എത്തിയില്ല, എന്താ  ഇവന്റെ  ഉദ്ദേശം  എന്ന്  മനസ്സിലാവണില്ലല്ലോ  തമ്പുരാനെ !

അങ്ങനെ അവസാനം ഒരു വീടെത്തി,എവിടെയോ കണ്ടു മറന്ന ഒരു വീട് . പടിപ്പുര കടന്നു ഞങ്ങള്‍ അകത്തെത്തി.
ഈ തുളസിത്തറയും ആമ്പല്‍ കുളവും എല്ലാം ഞാന്‍ ഇന്നലെ കണ്ട പോലെ തന്നെ ,പക്ഷെ മനസ്സാകെ മൂടിയിരിക്കുന്നു.  സത്യത്തില്‍ എന്റെ കൂടെ ഉള്ളത് എന്റെ കൂട്ടുകാരന്‍ തന്നെയാണോ, ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി പക്ഷെ അങ്ങനെ ഒരാള്‍ അപ്പോളവിടെ ഉണ്ടായിരുന്നില്ല.അതോടെ പേടി തുടങ്ങി,ഇനി മുന്നോട്ടു അതോ പിന്നിലേക്കോ എന്ന ഒരു സംശയം.ഭയത്തോടെയാണെങ്കിലും ഞാന്‍ മുന്നോട്ടു തന്നെ നീങ്ങി.പെട്ടെന്ന് എന്നെ ആരോ ആ കുളത്തിലേക്ക്‌ വലിച്ചിട്ടു.
 കുറച്ചധികം വെള്ളം കുടിച്ചെങ്കിലും ഒരു വിധം ഞാന്‍ കുളത്തില്‍ നിന്നും എണീറ്റു,ചുറ്റും തിരിഞ്ഞു നോക്കിയപ്പോള്‍ നേരം പുലരുന്നേ ഉള്ളു, ഈശ്വരാ വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കും എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.രാമ നാമം ജപിച്ചു ഒന്നൂടെ ഉറങ്ങാം അല്ലാതെ പുലരുന്നതിനു  മുമ്പ് എണീറ്റെന്തു ചെയ്യാനാ! 
രാമാ ഇനി ഇത്തരത്തില്‍ ഒന്നും കാണിച്ചു പേടിപ്പിക്കല്ലേ!
 രാമ രാമ രാമ രാമ പാഹിമാം ........