Sunday, June 21, 2020

സമാഗമം

അതെ ഇന്നാണ് ആ ദിവസം. വര്ഷങ്ങളായി ഞാൻ കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയാണ്.ഇന്ന് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. എല്ലാ ആളുകൾക്കും പറയാൻ ചുരുങ്ങിയത് ഒരു പ്രണയമെങ്കിലും ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഭാഗ്യമോ നിർഭാഗ്യമോ രണ്ടു പ്രണയകഥകൾ വേണമെങ്കിൽ എനിക്ക് പറയാൻ കഴിയും, ഒരാൾ പോലും ഇന്ന് എന്റെ ആരുമില്ലെങ്കിൽ പോലും...

വർഷങ്ങൾക്കു ശേഷം ഞങൾ മൂന്ന് പേരും ഇന്ന് തമ്മിൽ കാണും.
നഷ്ട ബോധമില്ല ഒന്നിലും, എല്ലാവരും സന്തോഷത്തോടെ കഴിയുന്നു,പുറമെയെങ്കിലും.

നമ്മുടെയെല്ലാം ഒരു പ്രധാന പരിവർത്തന കലാമെന്ന് പറയുന്നത് പത്താം ക്ലാസും അടുത്ത രണ്ടു വർഷങ്ങളും ആണെന്ന് ഞാൻ വിശ്വസിക്കുന്നു,മിനിമം ഞങ്ങളുടെയെങ്കിലും . വല്ലാത്ത ഒരു ബയോളജിക്കൽ മാറ്റമാണ് , ഒരു വല്ലാത്ത ഊർജ്ജം നമ്മളറിയാതെ തന്നെ .

അതെ ഞാൻ മാറി തുടങ്ങുന്നത് പത്തിൽ തന്നെയാണ്,പ്രണയം എന്ന് പറയാൻ പറ്റില്ല എന്നാൽ സൗഹൃദവുമല്ലാത്ത മറ്റെന്തോ..ഒരാളിൽ നിന്ന് ഒരാളിലേക്കു വളരെ പെട്ടെന്ന് മാറിക്കൊണ്ടിരുന്ന ആകർഷണം ഒരാളിലേക്കു ഒതുങ്ങിയത് ഞാൻ അറിഞ്ഞു തുടങ്ങി. ഈ ആകർഷണം പറയാതെ ഒരു വര്ഷം ഉള്ളിൽ കൊണ്ട് നടന്നു , പേടിയായിരുന്നു . കരുതിയ പോലെ തന്നെ പറഞ്ഞ അന്ന് തീർന്നു എല്ലാം.

be practical , എന്ന് ആദ്യമായി ഞാൻ കേൾക്കുന്നത് അന്നാണ് . അവൾക്കെന്നെ ഇഷ്ടമല്ല എന്നല്ല, ഒരേ പ്രായം ,ജസ്റ്റ് ഫിഫ്റ്റീൻ . പഠിച്ചു ജോലി കിട്ടി വരുമ്പോളേക്കും നമുക്കിടയിൽ പ്രണയം ഉണ്ടെങ്കിൽ എന്നൊക്കെ പറഞ്ഞപ്പോൾ അന്ന് തോന്നിയത് എന്തൊരു ജാഡയാണ് ഇവൾക്ക് എന്നാണ്. പിന്നീട് 4 വർഷം കഴിഞ്ഞു അവൾ കല്യാണം വിളിച്ചപ്പോൾ മനസ്സിലായി അവളാണ് ശരിയെന്നു. ആ കല്യാണത്തിന് കണ്ടതാണ് അവളെ അവസാനമായി.

പിന്നെ പഠിത്തം ഇന്റർവ്യൂസ് അങ്ങനെ എല്ലാം ഒരു വിധം തീർത്തു ജോലിയിൽ കയറിയപ്പോൾ അടുത്ത പ്രണയം.ഇത് പക്ഷെ പ്രണയം പറയുക ആയിരുന്നില്ല ,പകരം ഞാൻ  നിന്നെ വിവാഹം കഴിക്കട്ടെ എന്ന ചോദ്യം  ആയിരുന്നു . നോക്കട്ടെ ആലോചിക്കാതെ പറയാൻ പറ്റില്ലാന്ന് ഉത്തരം.

ഒരുതരം കിട്ടതാണ് എടുത്ത സമയം വളരെ കൂടുതൽ ആയിരുന്നു. പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു. അവൾക്ക് മറ്റൊരു ജോലി കിട്ടി അവിടെ നിന്നും പോയി. വീണ്ടും സൗഹൃദങ്ങളുമായി ജീവിതം മുന്നോട്ടു.

കഴിഞ്ഞ മാസം എന്റെ കല്യാണം ആയിരിന്നു, കഥകൾ അറിഞ്ഞപ്പോൾ ഭാര്യക്ക് രണ്ടു പേരെയും കാണാനുള്ള ആഗ്രഹം. അങ്ങനെ ഞാൻ എന്റെ ഉള്ളിലുള്ള ആഗ്രഹവും കൂട്ടി ചേർത്തപ്പോൾ, എല്ലാം വേഗത്തിലായി.

അങ്ങനെ ഞങ്ങൾ മൂന്ന് പേരും ഇന്ന് തമ്മിൽ കാണും , കൂടെ ഞങ്ങളുടെ കുടുംബവും.

അതിജീവനം

ഇന്നലെകൾ ഇല്ലാത്ത മനുഷ്യരില്ല , പക്ഷെ ഇന്നലെകളിൽ ജീവിക്കുന്നവർ അതിജീവിക്കാറുമില്ല . ഞാൻ ഇതിലേതിൽപ്പെടുമെന്നു മനസ്സിലാക്കാൻ പറ്റുന്നില്ല.

അതിജീവനം ആണ് ഓരോ ജീവന്റെയും മുന്നേറ്റം, അങ്ങിനെ നോക്കുമ്പോൾ ഞാൻ ഇന്നാണ് ജീവിക്കുന്നത്, ഇന്നിന്റെ ലോകത്തു മാത്രം. ഓരോ ആളുകളെയും ചവിട്ടി മെതിച്ചു ഞാൻ മുന്നേറുകയാണ്. എവിടേക്കാണ് ഈ പാവങ്ങളെ ചവിട്ടി കടന്നു പോകുന്നതെന്ന് അച്ഛൻ ചോദിച്ചപ്പോൾ ......

കൂടെ നിന്ന എല്ലാവരെയും മുന്നോട്ടു പോകാനുള്ള ആയുധങ്ങളും ഇടത്താവളങ്ങളും മാത്രമായാണ് കണ്ടിരുന്നത്. ഇടയിലെവിടെയോ ഒരു നേർത്ത തേങ്ങൽ കേട്ടപ്പോൾ ഒരു ഞൊടി പിൻവലിഞ്ഞു എന്ന് മാത്രം. ഇപ്പോൾ ഒരു തേങ്ങലും , അല്ല ഈ ലോകത്തിൽ ഒന്നും എന്നെ പിൻവലിയാൻ അനുവദിക്കാറില്ല.

പക്ഷെ ഇന്ന് വല്ലാത്ത ഒരു വിങ്ങൽ, ഇത് വരെ ഞാനറിഞ്ഞിട്ടില്ലാത്ത അല്ല ശ്രദ്ധിച്ചിട്ടല്ലാത്ത ഒരു നോവ്. ആരായിരുന്നു എനിക്കയാൾ, തിരിഞ്ഞു നോക്കിയാൽ ഞാനും ആയാലും തമ്മിൽ ഇത് വരെ കണ്ടിട്ട് പോലുമില്ല. പക്ഷെ ആ മരണം എന്നെ വല്ലാതെ ഉലച്ചിരിക്കുന്നു. എവിടെയോ എനിക്ക് എന്നെ നഷ്ടമായിരിക്കുന്നു.
ഒരു പക്ഷെ , എന്റെ തന്നെ പ്രതിരൂപമായിരിക്കാം അയാൾ .

നാളെ ഞാനും ഇത് പോലെ ആരുടെയെങ്കിലും നോവായി മാറിയേക്കാം ......